കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിനടുത്തേക്ക് എംഎസ്സി സില്‍വര്‍ 2 കപ്പല്‍ അലക്ഷ്യമായി എത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ 45 തൊഴിലാളികളാണ് കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈലില്‍) വല കോരി നില്ക്കുന്ന സമയത്താണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ വള്ളത്തിനടുത്തേക്കു അലക്ഷ്യമായി എത്തിയത്.
ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടസാധ്യത മത്സ്യത്തൊഴിലാളികള്‍ കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മറ്റു വള്ളങ്ങള്ക്കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്യുകയായിരുന്നു.
പ്രാണരക്ഷാര്‍ഥം ചില മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ് കപ്പല്‍ നിര്‍ത്തിയത്. ഇതിനിടെ വള്ളത്തിന്റെ പിന്‍ഭാഗത്ത് കപ്പല്‍ ചെറുതായി ഇടിച്ചു. തുടര്‍ന്ന് കപ്പല്‍ പിന്നിലേക്ക് എടുത്ത് യാത്ര തുടരുകയായിരുന്നു. വള്ളത്തിന്റെ അമരം ഭാഗത്താണ് കേടുപാടുകള്‍ സംഭവിച്ചത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.