പരവൂർ (കൊല്ലം): ഇന്ത്യൻ ടെക് കമ്പനിയായ സോഹോ പുറത്തിറക്കിയ ആറാട്ടൈ ആപ് തരംഗമായി റാങ്കിംഗിൽ മുന്നേറുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിൽ ഈ ആപ്പിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000 ൽ നിന്ന് 3.5 ലക്ഷമായാണ് ഉയർന്നിട്ടുള്ളത്.
ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ 2021ലാണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ ഉപയോക്താക്കൾക്ക് വൺ -ഓൺ -വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയൽ ഷെയറിംഗ് എന്നിവയ്ക്ക് പുറമേ വോയ്സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ അയയ്ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്.
ഇത് വെറും ചാറ്റിംഗ് ആപ് മാത്രമല്ല, ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയവയും നടത്താനാകും. ഡെസ്ക് ടോപ്പുകളിലും ആൻഡ്രോയ്ഡ് ടിവി കളിൽ പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്ത് ആറാട്ടൈ മെസഞ്ചർ ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
ഇൻസ്റ്റാലേഷന് ശേഷം ഉപയോക്താക്കൾ ഒരു ഒടിപി ഉപയോഗിച്ച് അവരുടെ മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കണം. തുടർന്ന് ഒരു പ്രൊഫൈൽ നെയിമും ഫോട്ടോയും ചേർത്ത് കൊണ്ട് അക്കൗണ്ട് സജീവമാക്കാൻ സാധിക്കും. ഈ ആപ്പിൽ മീറ്റിംഗുകൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. മീറ്റിംഗുകൾക്കായി ഈ ആപ്പിന്റെ ഉപയോക്താക്കൾക്ക് ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
പ്രധാനപ്പെട്ട ഫയലുകളും രേഖകളും സൂക്ഷിക്കുന്നതിന് ആറാട്ടൈ പോക്കറ്റ് എന്ന സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിനുള്ളിൽ തന്നെ വിവരങ്ങൾ സൂക്ഷിക്കാനുള്ള സ്വകാര്യ ഇടമായി ഇത് പ്രവർത്തിക്കുന്നു. ലൊക്കേഷൻ ഷെറിംഗിലും ഈ ആപ്പിൽ മാറ്റമുണ്ട്.
ലക്ഷ്യസ്ഥാനത്ത് എത്തും വരെ എന്നൊരു ഓപ്ഷൻ ഇതിലുണ്ട്. ഉപയോക്താവ് എവിടേക്കാണ് പോകുന്നതെന്ന് ഇതിൽ സെറ്റ് ചെയ്താൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യപ്പെടും. അവിടെ എത്തി കഴിഞ്ഞാൽ ലൊക്കേഷൻ ഷെയറിംഗ് ഓട്ടോമാറ്റിക്കായി നിലയ്ക്കും.
അടുത്ത ദിവസത്തെ യാത്രകൾക്കായി ലക്ഷ്യസ്ഥാനങ്ങൾ നേരത്തേ സെറ്റ് ചെയ്ത് വയ്ക്കാനും സൗകര്യമുണ്ട്. സ്മാർട് ഫോൺ, ടാബ് ലറ്റ്, ഡെസ്ക് ടോപ്പ് അടക്കം ഒരേ സമയം അഞ്ച് ഉപകരണങ്ങളിൽ ഉപയോഗിക്കാനുള്ള മൾട്ടി ഡിവൈസ് സപ്പോർട്ട് സിസ്റ്റവും ആപ്പിലുണ്ട്. മറ്റ് ചാറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള സംഭാഷണങ്ങളിൽ ആറാട്ടൈയിലേക്ക് ഇംപോർട്ട് ചെയ്യാനും കഴിയും.
ടെക്സ്റ്റ് സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ല എന്നത് ആപ്പിനെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന കാര്യമാണ്. എന്നാൽ വൈകാതെ തന്നെ ഈ സൗകര്യം ഏർപ്പെടുത്തുമെന്ന് സോഹോ വ്യക്തമാക്കിയിട്ടുണ്ട്.
നവംബറിൽ വലിയൊരു കുതിപ്പിനുള്ള തയാറെടുപ്പിലാണ് ആറാട്ടൈ. യുദ്ധകാലാടിസ്ഥാനത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ സാങ്കേതിക വിദഗ്ധർ അതിന്റെ പണിപ്പുരയിലാണ്. ഇത് യാഥാർഥ്യമായാൽ ഈ സ്വദേശി ആപ്പ് വാട്സ് ആപ്പിന് വലിയ എതിരാളിയായി മാറുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്ത്യയാണ് വാട്സ് ആപ്പിന്റെ ഏറ്റവും വലിയ വിപണി.