കോട്ടയം: കാലവര്‍ഷം പിന്‍വാങ്ങിയതോടെ ജില്ലയില്‍ അടുത്തയാഴ്ചയോടെ തുലാമഴ എത്തും. മുന്‍വര്‍ഷത്തെക്കാള്‍ തുലാമഴ ജില്ലയില്‍ ശക്തമായിരിക്കുമെന്നാണ് സൂചന. ജൂണ്‍ ഒന്നിന് ആരംഭിച്ച കാലവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതില്‍ അഞ്ചാം സ്ഥാനം കോട്ടയത്തിനാണ്.
ഇക്കൊല്ലം 1752.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 1748.2 മില്ലിമീറ്റർ ആയിരുന്നു. ജൂണില്‍ നാലു ശതമാനവും ജൂലൈയില്‍ ഏഴു ശതമാനവും ഓഗസ്റ്റില്‍ 15 ശതമാനവും മഴയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം അധികം തുലാമഴ ലഭിക്കുമെന്നാണു സൂചന. ഡിസംബറോടെ തുലാപ്പെയ്ത്തിനു ശമനമുണ്ടാകും.
ഈ മാസമായിരിക്കും ഏറ്റവും ശക്തമായി തുലാമഴ ലഭിക്കുക. മേഘവിസ്ഫോടനത്തിനും മിന്നല്പ്രളയത്തിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുറേക്കാലമായി തുലാമഴയുടെ ഘടനയില്‍ വലിയ വ്യതിയാനമാണുണ്ടായിരിക്കുന്നത്.
ഉച്ചവരെ ശക്തമായ വെയിലും വൈകുന്നേരം അതിശക്തമായ മഴ പെയ്യുന്ന പതിവുമാറി രാവിലെയും രാത്രി വൈകിയും തുലാമഴ ഇപ്പോള്‍ പെയ്യുന്നു. ഏറ്റവുമധികം ഇടിയും മിന്നലുമുണ്ടാകുന്നത് ഈ മാസങ്ങളിലാണ്.