തൊടുപുഴ: ജില്ലയിൽ വീണ്ടും കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു. ഈ വർഷം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കാട്ടാനകൾ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്പോഴും ഇതിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്.
കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ ജില്ലയിൽ പതിവാകുകയാണ്.2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. പീരുമേട് താലൂക്കിൽ മാത്രം ഈ വർഷം മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായി മരിച്ചത് പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമിയാണ്.
ഇന്നലെ രാവിലെ 11നാണ് ചിന്നക്കനാൽ ചൂണ്ടലിലുള്ള കൃഷിയിടത്തിൽ വച്ച് കാട്ടാന വേലുച്ചാമിയെ ആക്രമിച്ചത്. ഇതിന് രണ്ട് മാസം മുന്പ് ജൂലൈ 29ന് റബർ കർഷകനായ കാഞ്ഞിരപ്പള്ളി തന്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) മതന്പയിൽ പാട്ടത്തിനെടുത്ത റബർത്തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഒന്നര മാസം മുന്പ് ജൂണ് 12ന് പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പുരുഷോമത്തനെ കാട്ടാന ആക്രമിച്ച സ്ഥലത്തുനിന്ന് നാലു കിലോ മീറ്റർ അകലെ ഫെബ്രുവരി പത്തിന് കൊന്പൻപാറ നെല്ലിവിള പുതുപ്പറന്പിൽ സോഫിയ ഇസ്മായിലെ (46) കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ തന്നെയാണ് ചിന്നാർ വന്യ ജീവി സങ്കേതത്തിൽ ഫയർലൈൻ തെളിക്കാൻ പോയ ചന്പക്കാട് ഗോത്രവർഗ ഗ്രാമത്തിലെ വിമൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് അമർ ഇബ്രാഹിം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പാളുന്ന പ്രതിരോധം
മുന്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുന്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്.
വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ വാദം.വന്യമൃഗശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവിശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. എന്നാൽ നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടു വെട്ട്, ഫയർലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
പ്രതിഷേധിച്ചാൽ നഷ്ടപരിഹാരം
കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്പോൾ വനംവകുപ്പിൽനിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. പീരുമേട് തോട്ടാപ്പുരയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
കാട്ടാന-വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്. പലപ്പോഴും പ്രതിഷേധം ശക്തമാകുന്പോൾ മാത്രമാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകാൻ തയാറാകുന്നത്.