എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബിഹാറിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. നിതീഷ്യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് ആർജെഡിയുടെയും സഖ്യകക്ഷികളുടെയും പ്രഖ്യാപനം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ആണ് ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ വിഷയം.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റിക്കാർഡ് സ്വന്തമായുള്ള നിതീഷ്കുമാർതന്നെയാണ് എൻഡിഎയുടെ അനിഷേധ്യനേതാവ്. ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം ധസഹായം എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ വാഗ്ദാനങ്ങൾ വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എൽജെപി (രാംവിലാസ്) പോലെയുള്ള ദളിത് പാർട്ടികളുടെ പിന്തുണയും എൻഡിഎയ്ക്കു കരുത്താണ്. കുർമി, കുശ്വാഹ വിഭാഗങ്ങളാണ് ജെഡി-യുവിന്റെ ബലം.
നിതീഷിനെ മുന്നിൽനിർത്തി ബിജെപി
ബിജെപിക്ക് ഒരിക്കൽപോലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത ഏക ഹിന്ദിസംസ്ഥാനമാണു ബിഹാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇത്തവണയും ബിജെപിയുടെ പിന്തുണ നിതീഷ്കുമാറിനുതന്നെ. ജെഡി-യുവിന്റെ 12 ലോക്സഭാംഗങ്ങളുടെ പിന്തുണയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂരിപക്ഷം ഉറപ്പിച്ചത്.
അതേസമയം, രണ്ടു പതിറ്റാണ്ട് തുടർച്ചയായി അധികാരത്തിലിരുന്ന നിതീഷിനു തുടക്കകാലത്തെ (2005-2010) തിളക്കം നഷ്ടമായിരിക്കുന്നുവെന്നതു വാസ്തവമാണ്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഒരു കാലത്ത് ബിഹാർ എൻഡിഎയെ നയിച്ചിരുന്നത് ജെഡി-യു ആയിരുന്നു. ഇപ്പോൾ ആ സ്ഥാനം ബിജെപിക്കാണ്. 2020 തെരഞ്ഞെടുപ്പോടെ ജെഡി-യു ക്ഷീണിച്ചു.
നിതീഷ്കുമാർ സർക്കാരിനെ പുറത്താക്കാൻ വർധിതവീര്യത്തോടെ പ്രചാരണം നടത്തിവരികയാണ് ആർജെഡി നേതൃത്വം നല്കുന്ന ഇന്ത്യ മുന്നണി. രാഹുൽഗാന്ധിയുടെ “വോട്ടർ അധികാർ യാത്ര’യുടെ വിജയം ഇന്ത്യ മുന്നണിക്കു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ബിഹാർ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന മുസ്ലിം-യാദവ് (എംവൈ) വോട്ട്ബാങ്കാണ് ആർജെഡിയുടെ നട്ടെല്ല്.
തലയെടുപ്പോടെ തേജസ്വി
യുവ നേതാവ് തേജസ്വി യാദവ് ആണ് ഇന്ത്യ മുന്നണിയുടെ തലയെടുപ്പുള്ള നേതാവ്. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് പിന്നണിയിൽ തന്ത്രങ്ങളൊരുക്കുന്നു. കോൺഗ്രസും ഇടതു പാർട്ടികളും ചേരുന്പോൾ ഇന്ത്യ സഖ്യം എൻഡിഎയെ നേരിടാൻ കെൽപ്പുള്ള മുന്നണിയാകുന്നു. യാദവ-മുസ്ലിം വോട്ടിനപ്പുറമുള്ള പിന്തുണയാണ് തേജസ്വി ലക്ഷ്യമിടുന്നത്.
അതീവ പിന്നാക്ക വിഭാഗങ്ങൾക്ക് (ഇബിസി) കൂടുതൽ സീറ്റ് നല്കാൻ ആർജെഡി നീക്കമാരംഭിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ തന്ത്രം ഇന്ത്യ സംഖ്യത്തിനു ഗുണം ചെയ്തിരുന്നു. 2019ൽ ഒരേയൊരു സീറ്റിൽ വിജയിച്ച ഇന്ത്യ സംഖ്യം 2024ൽ പത്തു സീറ്റിലേക്കു നില മെച്ചപ്പെടുത്തി.
അതേസമയം, ആർജെഡി പൂർണമായും കുടുംബപാർട്ടിയാണെന്നത് ന്യൂനതയാണ്. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ അഴിമതിക്കേസുകൾ ഇപ്പോഴും ആർജെഡിക്ക് തലവേദനയാണ്. ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ഇളയ സഹോദരനായ തേജസ്വിയുമായി സ്വരച്ചേർച്ചയിലുമല്ല.
അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനം ഇന്ത്യ സഖ്യത്തിന് എളുപ്പമാകില്ല. സിപിഎം, സിപിഐ പാർട്ടികളക്കം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം ബിഹാറിലെത്തുന്നത് ഇന്ത്യ സഖ്യത്തിന്റെ മുസ്ലിം വോട്ട് ചോർത്തും.
2020ൽ അഞ്ചു സീറ്റാണ് ഒവൈസിയുടെ പാർട്ടി നേടിയത്. ആറു സീറ്റ് നല്കിയാൽ ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കാമെന്ന ഒവൈസിയുടെ നിലപാടിനോട് ആർജെഡിയും കോൺഗ്രസും പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കാൻ രംഗത്തുണ്ട്.
2020ൽ കഷ്ടിച്ചാണ് എൻഡിഎ അധികാരത്തിലെത്തിയത്. 243 അംഗ നിയമസഭയിൽ 125 സീറ്റാണ് എൻഡിഎയ്ക്കു കിട്ടിയത്. ആർജെഡി നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ 110 സീറ്റ് നേടി. എൻഡിഎയ്ക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ മഹാഗഡ്ബന്ധന്റെ വോട്ട് വിഹിതം 37.23 ശതമാനം. അതായത് രണ്ടു മുന്നണികളും തമ്മിലുള്ള വ്യത്യാസം വെറും 15,000 വോട്ടിന്റേത്.
കഴിഞ്ഞതവണ എൻഡിഎയ്ക്കൊപ്പമുണ്ടായിരുന്ന മുകേഷ് സഹാനി ഇക്കുറി ഇന്ത്യ മുന്നണിയിലാണ്. 2020ൽ ഒറ്റയ്ക്കു മത്സരിച്ച് ജെഡി-യു സ്ഥാനാർഥികളെ കൂട്ടത്തോടെ പരാജയപ്പെടുത്തിയ ചിരാഗ് പാസ്വാന്റെ എൽജെപി (രാം വിലാസ്) ലോക്സഭാ തെരഞ്ഞെടുപ്പോടെ എൻഡിഎയിൽ തിരിച്ചെത്തി.
ജൂണിൽ ആരംഭിച്ച എസ്ഐആറിനു ശേഷം 47 ലക്ഷം വോട്ടർമാരെയാണ് ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത്. മോദിയുടെ ആജ്ഞയ്ക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ മുന്നണി കുറ്റപ്പെടുത്തുന്നു. മുസ്ലിം, സ്ത്രീ വോട്ടർമാരെ വ്യാപകമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ബിഹാറിലെ 7.42 കോടി വോട്ടർമാരിൽ 3.92 കോടി പേർ പുരുഷന്മാരാണ്. സ്ത്രീവോട്ടർമാരുടെ എണ്ണം 3.50 കോടി.