അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കരുത്! സജ്ജരായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം; യുദ്ധമുണ്ടായാല്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കുന്നു; പാകിസ്ഥാന്‍ ഭയത്തിലും ഒരുക്കത്തിലുമെന്ന് റിപ്പോര്‍ട്ട്

പുല്‍വാമ ഭീകരാക്രമണത്തിലെ ഓരോ തുള്ളി രക്തത്തിനും പകരം ചോദിച്ചിരിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പില്‍ ഭയന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ എന്നതിനുള്ള സൂചനകള്‍ പുറത്ത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ ഭയത്തിലാണെന്ന് പാക്കിസ്ഥാന്‍ കേന്ദ്രങ്ങളില്‍ നിന്നു തന്നെ സൂചനകള്‍ ലഭിക്കുന്നത്.

കൂടാതെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയുമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്ഥാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കും എന്ന ഭയമാണ് പാകിസ്താന്. ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍.

ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്. വൈദ്യസഹായം നല്‍കാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമായ വിവരം.

Related posts