പ്രതിസന്ധികളെ തരണംചെയ്ത് അതിജീവനത്തിന്റെ പുത്തൻതാരോദയമായി തമീന ഫാത്തിമ. എഎഫ്സി വുമണ്‍സ് ( അണ്ടർ 17) ഏഷ്യൻ കപ്പ് ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിപ്പെണ്‍കൊടി. വാടകവീട്ടിലെ സാന്പത്തികഞെരുക്കത്തിനിടയിലും ഫുട്ബോളിനെ അഗാധമായി പ്രണയിച്ച കൊച്ചുമിടുക്കിയുടെ ഉദയത്തിനുപിന്നിൽ ഒരു കഥയുണ്ട്.
ലോർഡ്സ് അക്കാദമി പ്രവേശം
2021 ഏപ്രിൽ. ലോർഡ്സ് ഫുട്ബോൾ അക്കാദമിയുടെ പുതിയ പരിശീലനകേന്ദ്രം കലൂർ കറുകപ്പിള്ളി ജംഗ്ഷനിലെ സാരഥി സ്പോർട്സ് സെന്ററിൽ തുടങ്ങിയ സമയം. ദിവസവും ഒരു കൊച്ചുപെണ്‍കുട്ടി ടർഫ് ഗ്രൗണ്ടിനു പുറത്ത് സൈക്കിളിൽവന്ന് ഗോൾ പോസ്റ്റിനുസമീപം നെറ്റിലൂടെ കളികണ്ടു നിൽക്കുന്നത് ലോർഡ്സ് അക്കാദമി ഉടമസ്ഥൻ ഡെറിക് ഡിക്കോത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ആരെങ്കിലും അവളെ നോക്കുന്നുവെന്നറിഞ്ഞാൽ ഒന്നുമറിയാത്തമട്ടിൽ സൈക്കിൾ ചവിട്ടി മുന്നോട്ടുപോകും. കുറച്ചുകഴിഞ്ഞ് അവിടേക്കുതന്നെ തിരികെയെത്തും.
മൂന്നുനാലു ദിവസം ഇതുകണ്ടപ്പോൾ ഡെറിക് അടുത്തുചെന്ന് അവളോടു ചോദിച്ചു: “നിനക്ക് കളിക്കാൻ ആഗ്രഹമുണ്ടോ’’. ഉവ്വെന്ന് തലയാട്ടി. പക്ഷേ, സ്പോർട്സ് കിറ്റ് വാങ്ങാനോ കോച്ചിംഗ് ഫീസ് അടയ്ക്കാനോ അവളുടെ സാന്പത്തികസ്ഥിതി അനുവദിക്കുമായിരുന്നില്ല.
ആ കുട്ടിയുടെ കണ്ണുകളിൽ ഒരു പ്രതിഭയുടെ മിന്നലാട്ടവും ഫുട്ബോളിനോടുള്ള അഭിനിവേശത്തിന്റെ തിളക്കവുംകണ്ട അദ്ദേഹം നാളെ ഉമ്മയെക്കൂട്ടി വരാൻ പറഞ്ഞു. അങ്ങനെയാണ് തമീന ഫാത്തിമ ലോർഡ്സ് ഫുട്ബോൾ അക്കാദമിയിലും തുടർന്ന് ലോർഡ്സ് ക്ലബ്ബിലും കളിക്കാൻ തുടങ്ങുന്നത്. അന്നത്തെ ആറാംക്ലാസുകാരിയാണ് ഇന്ന് ഇന്ത്യൻ വനിതാ ഫുട്ബോൾ (അണ്ടർ 17) ഗോൾവലയത്തിന്റെ കാവൽക്കാരിയാവുന്നത്.
ഏക മലയാളിസാന്നിധ്യം
“അവസരങ്ങൾ ദേവതകളാണ്, അവയെ വാരിപ്പുണരണം’’എന്ന ഗ്രീക്ക് പഴമൊഴി തമീന തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. ലോർഡ്സിന്റെ സീനിയർ കോച്ച് അഖിൽ ശശിയായിരുന്നു ഗോൾകീപ്പിംഗിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയത്. പിന്നീട് കോച്ച് പ്രിയദർശനും.
“പെട്ടെന്നായിരുന്നു അവളുടെ വളർച്ച. ഞൊടിയിടയിൽ അവൾ ജില്ലാ ടീമിലും സ്റ്റേറ്റ് ടീമിലും എത്തി. അതവളുടെ ഫുട്ബോളിനോടുള്ള ആവേശമാണ്. കഠിനപ്രയത്നം, നിരന്തരപരിശീലനം, അടങ്ങാത്ത അഭിവാഞ്ഛ. അതാണ് തമീനയുടെ മുഖമുദ്ര.
ഇന്ത്യൻ ടീമിൽ എത്തണം. സീനിയർ ടീമിനായി ഗോൾവലയം കാക്കണം എന്നതാണവളുടെ സ്വപ്നം. അതിനുള്ള ആദ്യപടിയാണ് പതിനഞ്ചാംവയസിലെ ഇന്ത്യൻ ടീമിലെ സ്ഥാനം.’’- കോച്ച് പ്രിയദർശനും ഡെറിക് ഡിക്കോത്തും ഏകസ്വരത്തിൽ പറഞ്ഞു.
അണ്ടർ 17 ഇന്ത്യൻ ടീമിലേക്ക്
ഗോവയിൽ നടക്കുന്ന പരിശീലന ക്യാന്പിൽനിന്നാണ് എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പ് ക്വാളിഫയിംഗ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത്. 23 അംഗ ടീമിലെ ഏക മലയാളിസാന്നിധ്യമായി ഹെഡ് കോച്ച് ജോക്കിം അലക്സാണ്ടേഴ്സണ്‍ തമീനയെ ഉൾപ്പെടുത്തി. ഇന്നലെ വൈകുന്നേരം തമീനയും സംഘവും ഗോവയിൽനിന്ന് മുംബൈയിലേക്ക് തിരിച്ചു.
കിർഗിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുവേണ്ടി ടീം തിങ്കളാഴ്ച മുംബൈയിൽനിന്ന് തിരിക്കും. 13ന് കിർഗിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. എറണാകുളം എസ്ആർവി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ തമീന ഫാത്തിമ കലൂർ ദേശാഭിമാനി റോഡിൽ കറുകപ്പിള്ളി തൈപ്പറന്പിൽ സിനി റഹ്മാന്റെയും ബൈജുവിന്റെയും മകളാണ്. സഹോദരങ്ങൾ: താനിയ, തൻവീർ.
മാസങ്ങൾക്കു മുന്‍പാണ് എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ വിമൻസ് സീനിയർ ടീമിലേക്കു മലയാളിപ്പെണ്കുട്ടിയായ കാസർഗോഡ് നീലേശ്വരം സ്വദേശിനി പി. മാളവിക തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് 26 വർഷംമുന്പ് 1999ലാണ് എറണാകുളത്തുകാരിയായ ബെന്റില ഡിക്കോത്ത അവസാനമായി ഇന്ത്യൻ ടീമിലെത്തിയത്.
സെബി മാളിയേക്കൽ