മറയൂർ: കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ പിതാവായി അറിയപ്പെടുന്ന കാന്തല്ലൂർ പി.ടി. മാഷ് എന്ന ജോർജ് ജോസഫ് തോപ്പൻ (60) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന ഇദ്ദേഹം പാലായിലെ തോപ്പൻ കുടുംബാംഗമാണ്. കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ കായിക അധ്യാപകനായാണ് ജോർജ് ജോസഫ് കാന്തല്ലൂരിലെത്തിയത്.ഭാര്യ ജെസിയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്നു. ഇരുവരും വിരമിച്ച ശേഷം കാന്തല്ലൂരിൽ തന്നെ സ്ഥിരതാമസമാക്കി.
കൃഷിയോടുള്ള അഭിനിവേശമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. വീടിനോടു ചേർന്നുള്ള സ്ഥലത്ത് ശീതകാല പഴവർഗങ്ങളുടെ വൈവിധ്യമാർന്ന കൃഷിക്ക് തുടക്കംകുറിക്കുകയും ചെയ്തു.ബ്ലാക്ക്ബെറി, പ്ലം, പീച്ച്, ഓറഞ്ച്, സ്ട്രോബറി തുടങ്ങി നൂറിലധികം ഇനം പഴവർഗചെടികൾ തോപ്പൻ ഫാമിൽ ഇടംപിടിച്ചു. കാഷ്മീരിൽ നിന്ന് ആപ്പിൾ മരങ്ങൾ വിമാനമാർഗം കൊണ്ടുവന്ന് കാന്തല്ലൂരിൽ നട്ടുപിടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ കേന്ദ്രമായ കാന്തല്ലൂരിനെയും വട്ടവടയെയും പ്രശസ്തമാക്കുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വിലയേറിയതാണ്. അദ്ദേഹത്തിന്റെ ഫാമിൽ നിന്നാണ് കുരുത്തോല പെരുന്നാളിന് ആദ്യമായി ഒലിവ് ഇലകൾ ഉപയോഗിച്ചത്. കാന്തല്ലൂർ സന്ദർശിക്കുന്ന 90 ശതമാനം വിനോദസഞ്ചാരികളും തോപ്പൻ ഫാമും സന്ദർശിച്ചാണ് മടങ്ങുന്നത്.
അപൂർവവും വൈവിധ്യമുള്ളതുമാണ് ഇവിടുത്തെ കൃഷികൾ. മകൾ നീതു ജോർജ് അഞ്ചു നാട്ടിൽ നിന്ന് ഐഎഫ്എസ് നേടിയ ആദ്യ വനിതയാണ്. മകൻ നവീൻ ജോർജ് അയർലണ്ടിലും, മറ്റൊരു മകൾ ഗീതു ജോർജ് ജർമനിയിൽ പി.ജി. പഠനം പൂർത്തിയാക്കി നാട്ടിലുമാണ്. മരുമക്കൾ: നിഖിൽ വി.കമൽ (എറണാകുളം), ഗ്രീഷ്മ (അയർലൻഡ്), ആശിഷ് അലക്സ് (അമേരിക്ക).സംസ്കാരം ഇന്നു പത്തിനു പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.