ചാത്തന്നൂർ: ശബരിമല മണ്ഡലകാലം ഒന്നര മാസം അടുത്തെത്തി നില്ക്കുമ്പോൾ കെ എസ് ആർടിസി വിപുലമായ ഒരുക്കങ്ങൾക്ക് തയാറെടുപ്പ് തുടങ്ങി. ഭക്തജനങ്ങൾക്ക് യാതൊരുവിധയാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പമ്പയിലെ ഡിപ്പോയിലേയ്ക്ക് 448 ബസുകൾ എത്തിക്കാൻ നടപടികൾ തുടങ്ങി.
വിവിധ ഡിപ്പോകളിൽ നിന്നാണ് 448 ബസുകൾ തെരഞ്ഞെടുത്തത്. ഈ ബസുകളുടെ എല്ലാവിധ അറ്റ കുറ്റപ്പണികളും ഉടൻ നടത്തണമെന്നാണ് നിർദേശം.
പമ്പ ഡിപ്പോയിലേക്ക് അയയ്ക്കേണ്ട 174 ബസുകൾ പാപ്പനം കോട് സെൻട്രൽ വർക്ക്ഷോപ്പിലും 82 ബസുകൾ മാവേലിക്കര റീജണൽ വർക്ക്ഷോപ്പിലും 66 എണ്ണം ആലുവ റീജണൽ വർക്ക്ഷോഷോപ്പിലും 46 എണ്ണം എടപ്പാൾ റീജിണൽ വർക്ക്ഷോപ്പിലും 40 എണ്ണം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലും ഉൾപ്പെടെ 408 ബസുകൾ പണികൾക്കായി എത്തിക്കാനാണ് നിർദേശം.
എല്ലാ ബസുകളിലും ഫയർ ഡിസ്റ്റിംഗുഷർ ഉണ്ടായിക്കണം. എഞ്ചിൻ കണ്ടീഷൻ, ബ്രേക്ക് – ക്ലച്ച് സിസ്റ്റംസ്, ഷോക്ക് ഒബ്സർവർ,എഫ് ഐ പമ്പ്, റേഡിയേറ്റർ, ഓയിൽ – ഡീസൽ ലീക്ക്, ടയർ, ബാറ്ററി, ഡോർ ലോക്ക്, ഹാൻഡ്ബ്രേക്ക്, സസ്പെൻഷൻ സിസ്റ്റം, സ്റ്റിയറിംഗ് സിസ്റ്റം, ബോഡി കണ്ടീഷൻ തുടങ്ങി എല്ലാം പരിശോധിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് നേരത്തെ തന്നെ ബസുകൾ നിശ്ചയിച്ച് അറ്റകുറ്റ പണികൾക്കായി വർക്ക് ഷോപ്പുകളിൽ എത്തിക്കാൻ നിർദേശിച്ചിരിക്കുന്നത്.
- പ്രദീപ് ചാത്തന്നൂർ