കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം.
കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു.
എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.
വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ ഓയിൽ പത്രക്കുറിപ്പിൽ അറിയിച്ചു.