പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി സംസ്ഥാന വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് ഫലംകാണുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
സർപ്പ ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. നടൻ ടൊവിനോ തോമസിനെ ആപ്പിന്റെ അംബാസഡറായും നിയമിച്ചിട്ടുണ്ട്.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്് 2020 ഓഗസ്റ്റിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ്, റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റി വെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്.
എവിടെ പാമ്പിനെ കണ്ടാലും സര്‍പ്പ ആപ്പിലുടെ പൊതുജനങ്ങള്‍ക്കു പാമ്പുപിടിത്തക്കാരുടെ സേവനം തേടാം. സര്‍പ്പ ആപ്പില്‍ ലോക്കേഷനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലെ പാമ്പുപിടിത്തക്കാരുടെ ഫോണ്‍ നമ്പറുകൾ ലഭിക്കും.
പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് സര്‍പ്പ വോളന്റിയര്‍മാരുടെ സേവനം തേടാം. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലോ ഫയര്സ്റ്റേഷനിലോ വിളിച്ചാല്‍ ജില്ലയിലെ സര്‍പ്പ കോ ഓര്‍ഡിനേറ്റര്‍മാരുടെ മൊബൈല്‍ നമ്പർ ലഭിക്കും. ഇവരെ വിളിച്ചു സ്ഥലവും മറ്റു വിവരങ്ങളും നല്കിയാല് കോ ഓര്‍ഡിനേറ്റര്‍മാര്‍ അവരുടെ ഓഫീസിലേക്കറിയിച്ച് പാമ്പുപിടിത്തക്കാരെ സ്ഥലത്തെത്തിക്കും.
ഈ വർഷം മാർച്ചുവരെ പാമ്പുകളെ പിടികൂടാൻ 5,343 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് വനംവകുപ്പിന്റെ മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകും. ധാരാളം സ്ത്രീകളും ഇത്തരത്തിൽ പാന്പുപിടിത്തത്തിൽ പരിശീലനം നേടിയിട്ടുണ്ട്.