കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദനം ലോക്സഭയിലടക്കം വന്‍ വിവാദമാകുമെന്നു മുന്നില്‍ കണ്ട് കീഴുദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീക്കമെന്ന ആക്ഷേപം ശക്തമാകുന്നു. പോലീസ് ഷാഫിയെ മര്‍ദിച്ചിട്ടില്ലെന്നു ഭരണപക്ഷത്തെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് റൂറല്‍ എസ്പി കെ.ഇ. ബൈജു ഇതിനു വിരുദ്ധമായി ഇന്നലെ നടത്തിയ പ്രതികരണം.
ഷാഫിയെ മര്‍ദിച്ച സംഭവം പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ പരാതിയായി എത്തുമെന്ന് കണ്ടതോടെ പോലീസുകാരെ പഴിചാരി തലയൂരാനുള്ള ശ്രമമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന ആരോപണമാണ് ബലപ്പെടുന്നത്. പോലീസിലെ ചിലര്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ഷാഫിയുടെ തലയില്‍ ലാത്തികൊണ്ടടിച്ചുവെന്നുമാണ് റൂറല്‍ എസ്പി വെളിപ്പെടുത്തിയത്.
ഷാഫിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഏതാനും കീഴുദ്യോഗസ്ഥര്ക്തെിരേ നടപടി ഉണ്ടാകുമെന്നും അവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നുമുള്ള സൂചനയും റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു.ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി.
ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകം പ്രയോഗിച്ചപ്പോള്‍ ഉണ്ടായ സമ്മര്‍ദത്തില്‍ എംപിക്ക് പരിക്കേറ്റതാകാമെന്നുമായിരുന്നു റൂറല്‍ എസ്പിയുടെ മുന്‍ വാദം. ഈ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റൂറല്‍ എസ്പി മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.
‘ഞങ്ങള്‍ ലാത്തി ചാര്‍ജ് ചെയ്തിട്ടില്ല. ഒരു കമാന്‍ഡ് നല്‍കുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്്ഷന്‍ അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ആളുകള്‍ മനഃപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി.
അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്’ എന്നാണ് റൂറല്‍ എസ്പി ഇന്നലെ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത്. ഷാഫിക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.