ന്യൂഡൽഹി: പാക്കിസ്ഥാൻ വീണ്ടും പഹൽഗാം ശൈലിയിലുള്ള ആക്രമണം നടത്തിയേക്കാമെന്നും എന്നാൽ ഓപ്പറേഷൻ സിന്ദൂർ 2.0 പാക്കിസ്ഥാന് സങ്കൽപ്പിക്കാനാകുന്നതിനേക്കാൾ മാരകമായിരിക്കുമെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ പറഞ്ഞു.
ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാനു ശേഷിയില്ലെന്നും എന്നാൽ പഹൽഗാം പോലുള്ള ആക്രമണങ്ങൾക്ക് അവർ വീണ്ടും ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന്റെ സ്ഥാനം നരകത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ശേഷി പാക്കിസ്ഥാനില്ല. ആയിരം മുറിവുകളിലൂടെ ഇന്ത്യയുടെ രക്തമൊഴുക്കുക എന്ന നയമാണ് അവരുടേത്. കാലങ്ങളായി ആ നയം പാകിസ്ഥാന് തുടരുന്നു. അതിനെ നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമാണെന്നും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യക്കു ശേഷിയുണ്ടെന്നും കത്യാർ പറഞ്ഞു.
വീണ്ടും അവർ ആക്രമണത്തിനു മുതിർന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് തിരിച്ചടി മാരകമായിരിക്കും. അതിൽ യാതൊരു സംശയവുമില്ലെന്നും കത്യാർ മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ 2.0 ആദ്യത്തേതിനേക്കാൾ മാരകമാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.