മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽനിന്നു വൻതോതിൽ നിരോധിത പാൻമസാല ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. നെടുമ്പാശേരി-മുപ്പത്തഞ്ചാംമൈൽ സംസ്ഥാന പാതയിൽ കൂട്ടിക്കലിനും പറത്താനത്തിനുമിടയിൽ കാവാലി വ്യൂ പോയിന്റിനു സമീപമാണ് കാട്ടിൽ ഒളിപ്പിച്ച നിലയിൽ പത്തു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് കണ്ടെത്തിയത്.
പത്തു ചാക്കുകളിലായി 8000ലധികം പാൻമസാല പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. വിപണിയിൽ ഒരു പായ്ക്കറ്റ് 50 രൂപയ്ക്കാണ് കച്ചവടം. നാലു ലക്ഷത്തിലധികം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.തെരഞ്ഞെടുപ്പിനു മുന്നോടിയായി മേഖലയിൽ എക്സൈസ് പരിശോധന ഊർജിതമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രവന്റീവ് ഓഫീസർ കെ.എൻ. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.എസ്. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, സനൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വിദ്യാർഥികളെ നോട്ടമിട്ട്
കൂട്ടിക്കൽ, മുണ്ടക്കയം, ഏന്തയാർ, ഇളങ്കാട് അടക്കമുള്ള മേഖലയിലെ സ്കൂൾ വിദ്യാർഥികളെയും ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിട്ടാണ് പാൻമസാല എത്തിച്ചതെന്നാണ് എക്സൈസ് വിലയിരുത്തൽ.
പാൻമസാല ചാക്കിൽകെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ചതാണോ അതോ ആവശ്യാനുസരണം ഇവിടെനിന്നെടുത്ത് ആളുകൾക്ക് എത്തിച്ചുകൊടുക്കാൻ സൂക്ഷിച്ചിരുന്നതാണോയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആളൊഴിഞ്ഞ മേഖല
നെടുമ്പാശേരി-മുപ്പത്തഞ്ചാംമൈൽ സംസ്ഥാന പാതയാണിത്. എറണാകുളം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട വഴി പറത്താനം, കൂട്ടിക്കൽ, മുണ്ടക്കയം, ഏന്തയാർ മേഖലകളിലേക്കു വളരെ വേഗത്തിൽ എത്താവുന്ന റോഡ്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആധുനിക രീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.
എന്നാൽ, റോഡിലൂടെ വാഹനയാത്രികരുടെ എണ്ണം തീർത്തും കുറവാണ്. അതുകൊണ്ടുതന്നെ ലഹരിക്കടത്ത് സംഘങ്ങളും നികുതി അടയ്ക്കാതെ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുമെല്ലാം പ്രധാനമായും തെരഞ്ഞെടുക്കുന്ന പാതകൂടിയാണിതെന്നും പറയപ്പെടുന്നു.