തൃശൂർ (മണ്ണുത്തി): തൃശൂർ – പാലക്കാട് ദേശീയപാതയിൽ മണ്ണുത്തിയിൽ വൻകവർച്ച. ട്രാവൽസ് ഉടമയെ ആക്രമിച്ച് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ കൊള്ളയടിച്ചു. അറ്റ്ലസ് ട്രാവൽസ് ഉടമയും എടപ്പാൾ സ്വദേശിയുമായ മുബാറാക്കിന്റെ പണമാണ് മോഷണസംഘം കവർന്നത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ബംഗളൂരുവിൽനിന്നു ബസ് വിൽപന നടത്തിയതിന്റെ പണവുമായി തൃശൂരിൽ മണ്ണുത്തിയിൽ വന്ന് ഇറങ്ങിയതായിരുന്നു മുബാറക്ക്. മണ്ണുത്തിപോലീസ് സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന് ചായകുടിക്കുന്നതിനും ശുചി മുറിയിൽ പോകുന്നതിനുമായി ബാഗ് താഴെ വച്ച് നിൽക്കുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം വളയുകയും ബലമായി പണം തട്ടിയെടുത്തു ഓടുകയുമായിരുന്നു.
ബാഗ് തട്ടിയെടുത്ത് ഓടിയ സംഘത്തെ പിന്തുടർന്ന മുബാറാകിനെ കവർച്ച സംഘം ആക്രമിച്ചു. മുബറാമിനെ പിടിച്ച തള്ളി മാറ്റിയശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.കാറിൽ നിന്നറങ്ങി വന്ന ഒരാളാണ് പണം അടങ്ങിയ ബാഗ് എടുത്ത് കൊണ്ട് പോയതെന്ന് മുബാറക് പറഞ്ഞു. കവർച്ച സംഘത്തിന്റെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം തുടങ്ങി.
കവർച്ചാസംഘം പണവുമായി രക്ഷപ്പെട്ട ഇന്നോവ കാറിന് വേണ്ടി ദേശീയപാതയിലും ചെറു റോഡുകളിലും പോലീസ് വ്യാപക പരിശോധന തുടരുകയാണ്.മുബാറക്കുമായി ബന്ധപ്പെട്ടവർ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്താണ് പോലീസ് സംശയിക്കുന്നത്. ഇത്രയധികം പണവുമായി ബംഗളുരുവിൽ നിന്ന് മുബാറക് തൃശൂരിലേക്ക് വരുന്ന വിവരം കൃത്യമായി അറിയാവുന്നവർ തന്നെയാണ് കവർച്ചയ്ക്കു പിന്നിലെന്ന് പോലീസ് കരുതുന്നു.
ഒല്ലൂർ എസിപി സുധീരന്റെ നേതൃത്വത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. മുബാറക്ക് പണവുമായി എത്തുന്ന വിവരം കവർച്ചാ സംഘത്തിന് ഒറ്റുകൊടുത്തതാണ് എന്നും സംശയമുണ്ട്. ബസ് ഉടമയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

