റാന്നി: വടശേരിക്കര കുമ്പളത്താമണ്ണിൽ മേയാൻ കെട്ടിയിട്ടിരുന്ന പോത്ത് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ചത്തു. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഡയറി ഫാമിലെ പോത്തിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.കടുവയാണ് കൊന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
എന്നാൽ മഴകാരണം വനൃമൃഗത്തിന്റെ കാല്പാദ അടയാളങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നാണു വനപാലകര്‍ പറയുന്നത്. ഈഭാഗത്ത് രാത്രിയിൽ തന്നെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി റാന്നി ഡിഎഫ്ഒ എന്‍. രാജേഷ് പറഞ്ഞു. പോത്തിന്റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ട്. കഴുത്തിലെ കയർ മുറുകിയ നിലയിലായിരുന്നു. കാട്ടാനക്കൂട്ടം പതിവായി ശല്യമുണ്ടാക്കിയിരുന്ന മേഖലയാണിത്.
കടുവയുടെ സാന്നിധ്യം കൂടി സംശയിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ കന്നുകാലികളെ തിരികെ ഫാമിലേക്ക് കൊണ്ടുപോകാനെത്തിയ ഫാം ജീവനക്കാരനാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പോത്തിന്റെ പിൻഭാഗത്ത് നഖങ്ങൾ കൊണ്ടുണ്ടായതുപോലെയുള്ള മുറിവുകളുണ്ടായിരുന്നു.
സമീപത്തെല്ലാം ഏതോ ജീവിയുടെ കാല്പാദങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നി വെറ്ററിനറി പോളിക്ലിനിക്കിലെ നൈറ്റ് വെറ്റ് സര്വീസലെ ഡോ.ദിവ്യലക്ഷ്മിയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാൽ പോസ്റ്റുമോർട്ടം ഇന്നത്തേക്കു മാറ്റി.
ഫാമിലെ 13 പശുക്കിടാക്കളെയും നാലു പോത്തുകളുമാണ് മേയാനായി പാടത്ത് കെട്ടിയിരുന്നത്. ഇതിൽ ഏറ്റവും വലുപ്പമുള്ള പോത്തിനെയാണ് കൊന്നതെന്ന് ഫാം ഉടമ റെയ്സണ്‍ ചാക്കോ കോമാട്ട് പറഞ്ഞു.
കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമായതിനാൽ സന്ധ്യയോടെ നാട്ടുകാർ സ്ഥലത്തുനിന്നു വീടുകളിലേക്കു മടങ്ങി. അല്പ സമയത്തിനുള്ളിൽ രണ്ട് കാട്ടാനകൾ ഇവിടെയിറങ്ങി. ഒന്നരവർഷം മുമ്പ് ഇതിനടുത്ത സ്ഥലത്ത് കടുവ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നിരുന്നു.

