പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവർച്ചയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

