കാഞ്ഞിരപ്പള്ളി: കേരള ഝാന്‍സി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം ഉയർന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ സഹൃദയ വായനശാലയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന അക്കാമ്മ ചെറിയാന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് നിര്‍മാണം.
1909 ഫെബ്രുവരി 14ന് കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവ. എച്ച്എസ്, ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു.
1938ല്‍ അക്കാമ്മ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെടുന്നതും ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്ത്തനങ്ങള്ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ നേതൃത്വം അക്കാമ്മയ്ക്കായിരുന്നു.
1938ല്‍ കോണ്‍ഗ്രസ് വനിതാ വിഭാഗമായ ദേശസേവികാ സംഘ കമാന്‍ഡന്റ് ആയി വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്തതിനും 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനും 1946-ല്‍ നിയമം ലംഘിച്ചതിനും 1947ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനത്തെ എതിര്‍ത്തതിനും ജയില്‍വാസം അനുഭവിച്ചു.
1947ല്‍ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്. 1982 മേയ് അഞ്ചിന് അന്തരിച്ച അക്കാമ്മയെ തിരുവനന്തപുരം മുട്ടട ഹോളി ക്രോസ് പള്ളിയിലാണ് സംസ്കരിച്ചത്.
- ജോജി പേഴത്തുവയലില്‍

