തൊടുപുഴ: രാവിലെ മദ്രസയിലേയ്ക്ക് പോയ വിദ്യാര്‍ഥിനിയെ ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇന്നു രാവിലെ ഏഴോടെ തൊടുപുഴ കുമ്മംകല്ലിനു സമീപമാണ് സംഭവം.
കുമ്മംകല്ല് സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 കാരിയെയാണ് വാനില്‍ പിടിച്ചു കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. രാവിലെ മദ്രസയിലേയ്ക്കു തനിയെ നടന്നു പോകുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം വാന്‍ തൊട്ടടുത്തു കൊണ്ടു വന്ന നിര്‍ത്തിയ ശേഷം ഡോര്‍ തുറന്ന് ബലമായി അകത്തേയ്ക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
കുതറി മാറിയ പെണ്‍കുട്ടി ഓടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇവര്‍ ഇറങ്ങി വന്നപ്പോഴേയ്്ക്കും വാന്‍ സ്ഥലത്തു നിന്നും പോയിരുന്നു. പിന്നീട് നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല.
രക്ഷിതാക്കള്‍ വിവരം തൊടുപുഴ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ സമീപത്ത് എവിടെയൊക്കെയാണ് സിസിടിവിയുള്ളതെന്ന് അജ്ഞാതരായ ചിലര്‍ അന്വേഷിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും തൊടുപുഴ സിഐ ടി.ജി.രാജേഷ് പറഞ്ഞു.

