കോന്നി: ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരില്‍ ജന്മനാട്ടില് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു.
നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്കു വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്.
മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയിലൂടെ അരുവാപ്പുലത്തിനു ലഭിച്ച പ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്. ഏഴുകോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിര്‍മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറല്‍ ചടങ്ങ് മ്ലാന്തടം വിദ്യാനികേതന്‍ ആശ്രമത്തില്നടന്നു.
കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഭൂമിയുടെ വിനിയോഗ സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയില്‍ നിന്ന് ഏറ്റുവാങ്ങി. ഭൂമി കുറഞ്ഞവിലയില്‍ ഗ്രാമപഞ്ചായത്തിനു നല്കിയ സി.പി. മോഹനന് നായര്‍ക്ക് എംഎല്‍എ ആദരം നല്കി.
ത്യാഗീശ്വര സ്വാമി, എസ്എന്‍ഡിപിയോഗം പത്തനംതിട്ടയൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍, എസ്എന്‍ഡിപി യോഗം സെക്രട്ടറി ഡി. അനില്‍കുമാര്‍, ടി. പി. സുന്ദരേശന് , കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ദേവകുമാര്‍, വര്‍ഗീസ് ബേബി, പി. സിന്ധു, വി. ശ്രീകുമാര്‍, ഷീബ സുധീര്‍, വി. കെ. രഘു, ജോജു വര്‍ഗീസ്, ടി.ഡി. സന്തോഷ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

