ഗുവാഹത്തി: ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ക്യാപ്റ്റൻ ലോറ വോൾവാർഡ് (143 പന്തിൽ 169) അവിശ്വസനീയ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിന്റെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും. ദക്ഷിണാഫ്രിക്ക 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: 319/7. ഇംഗ്ലണ്ട്: 42.3 ഓവറില്‍ 194.
ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോൾവാർഡിനെ കൂടാതെ ടസ്മിൻ ബ്രിട്സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 42.3 ഓവറിൽ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകർത്തത്. നദീന്‍ ഡി ക്ലാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റൻ നതാലി സ്കിവർ ബ്രന്റ് (64) ആലിസ് ക്യാപ്സി (50) എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. ആദ്യ ഏഴ് പന്തുകൾക്കിടെ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ മൂന്നു ബാറ്റർമാരും പൂജ്യത്തിന് പുറത്തായി. രണ്ടാം പന്തിൽ എമി ജോണ്‍സിനെ (0) ബൗൾഡാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹീതർ നൈറ്റും (0) ബൗൾഡായി. രണ്ടാം ഓവർ എറിയാനെത്തിയ അയബോൻഗ ഖാക, താമി ബ്യൂമോണ്ടിനെ (0) കൂടി മടക്കിയയച്ചു. ഇതോടെ സ്കോർബോർഡിൽ ഒരു റണ്‍ മാത്രമുള്ളപ്പോൾ മൂന്ന് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. ടൂർണമെന്റിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 69ന് എല്ലാവരും പുറത്തായിരുന്നു.

