മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്.
ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു.
തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.

