ഏറ്റുമാനൂർ: പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ കെ.യു. സോമശേഖരൻ നായർ (60) ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. സുഹൃത്തിന് നൽകിയ പണം തിരികെ വാങ്ങുന്നതിനായി രണ്ടു മാസം മുമ്പാണ് സോമശേഖരൻ നായർ ഡൽഹിയിൽ എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തെ അബോധാവസ്ഥയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പോലീസാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പണം നൽകാനുള്ള സുഹൃത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചുപറയുമ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. നിസാര പ്രശ്നമേ ഉള്ളൂവെന്നും ഭയപ്പെടാനില്ലെന്നുമാണ് ഇയാൾ പറഞ്ഞത്.
സോമശേഖരൻ നായരെക്കൊണ്ട് ഇവിടേക്ക് ഫോൺ വിളിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇയാളോട് പറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെവരെ വിളി ഉണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങളുടെ ഡൽഹിയിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും അവർ ആശുപത്രിയിൽ എത്തുകയും ചെയ്തപ്പോഴാണ് നില ഗുരുതരമാണെന്ന് അറിയുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഭാര്യയും ബന്ധുക്കളും ഡൽഹിയിലെത്തി ഡോക്ടറുമായി സംസാരിച്ച് ഇന്നലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ മരണം സംഭവിച്ചു.സോമശേഖരൻ നായരുടെ ഉള്ളിൽ മയക്കുമരുന്ന് ചെന്നതായുള്ള സംശയം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളല്ല അദ്ദേഹം. ഇതും പണം നൽകാനുള്ള സുഹൃത്തിന്റെ ഇടപെടലിലെ സംശയവും മൂലമാണ് ബന്ധുക്കൾ മരണത്തിൽ ദുരൂഹത കാണുന്നത്. ആന്റോ ആന്റണി എംപി വഴി ഇന്നലെ ഉച്ചകഴിഞ്ഞ് ഡൽഹി എസിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇവിടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിലാണ് നടന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നു വെളുപ്പിന് അഞ്ചിനുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. നാളെ ഉച്ചയ്ക്ക് 12ന് മാടപ്പാട് ചന്തക്കവലയിലുള്ള വസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
പുന്നത്തുറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണിക്കൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ നായർ. ഭാര്യ: ജിജി. മക്കൾ: അമൽ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്). മരുമകൾ: ദിവ്യ കാനഡ).


 
  
 