എടത്വ: ജില്ലയില്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഇന്നു നടക്കാനിരിക്കെ കൊടിയ ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ വിധവയുടെ കുടുംബം. അപകടത്തില്‍പ്പെട്ട ഏകമകന് ചുവടുവയ്ക്കാന്‍ പരസഹായം വേണം. ആകെയുണ്ടായിരുന്ന വീട് കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ ഇരുമ്പ് ഷെഡിലാണ് താമസം.
തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പഴയചിറ മണിയമ്മയും ഏകമകന് കണ്ണനുമാണ് ഭക്ഷണത്തിനും മരുന്നിനുമായി കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നത്. 14 വര്‍ഷം മുന്‍പ് മണിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് ഷോക്കേറ്റ് മരിച്ചിരുന്നു. ഒരു മകനും ഒരു മകളും അടങ്ങിയ കുടുംബം ഇതോടെ അനാഥമായി. രാധാകൃഷ്ണന് ഷോക്കേറ്റ് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ കേസില്‍ 9.15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു.
മകള്‍ പ്രായപൂര്‍ത്തിയായതോടെ ഈ തുക ഉപയോഗിച്ച് മകളെ വിവാഹം കഴിപ്പിച്ചു വിട്ടു.സഹോദരിയുടെ വിവാഹശേഷം അബുദാബിയിലേക്കു പോയ കണ്ണന് രണ്ടരവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഓടിട്ട പഴയവീടിന്റെ മേല്‍ക്കൂരകള്‍ പൊളിച്ചുമാറ്റി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അപ്രചതീക്ഷിതമായി അപകടം ഈ കുടുംബത്തിലേക്ക് വീണ്ടും കടന്നുവന്നു.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ മരിയാപുരം ജംഗ്ഷനില്‍ ഒന്നരവര്‍ഷം മുന്‍പ് കണ്ണന് ഓടിച്ചിരുന്ന ഇരുചക്രവാഹനവും മറ്റൊരു ടെമ്പോയും കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ നാട്ടുകാര്‍ പിരിവെടുത്താണ് ചികിത്സ നടത്തിയത്. ജീവന് കഷ്ടിച്ച് രക്ഷപെട്ടെങ്കിലും തുടര്‍ ചികിത്സ മണിയമ്മയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഓരോ മാസവും ചെക്കപ്പിനും മറ്റ് മരുന്നുകള്‍ക്കുമായി അരലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു.
കൊടിയ ദാരിദ്ര്യത്തിലും ഏമകന്റെ ചികിത്സയ്ക്കും ഭക്ഷണത്തിനും ഇരക്കേണ്ട അവസ്ഥയാണ് വിധവയായ ഈ വീട്ടമ്മയ്ക്ക്. ചികിത്സ തുടരുന്നുണ്ടെങ്കിലും പരസഹായത്തിലാണ് കണ്ണന് ഓരോ ചുവടും വെയ്ക്കുന്നത്. നിര്‍മാണത്തിലിരുന്ന വീടും കാലപ്പഴക്കത്താല്‍ തകര്‍ന്നടിഞ്ഞു.
കിടപ്പിലായ മകനുമൊത്ത് മണിയമ്മ വാടക വീട്ടില്‍ താമസം ആരംഭിച്ചെങ്കിലും വാടക നല്കാത്തതിനെതുടന്ന് വാടക വീട് ഉപേക്ഷിക്കേണ്ടിവന്നു. തകര്‍ന്ന വീടിന് സമീപം ഇരുമ്പ് ഷെഡ് വെച്ചാണ് അമ്മയും മകനും കഴിയുന്നത്. തൊഴിലുറപ്പില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഷ്ടിച്ച് മുന്നോട്ടു പോകുന്നത്.
ആസ്തമ രോഗിയായ മണിയമ്മയ്ക്ക് തൊഴിലുറപ്പ് പണി ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ലന്ന് മണിയമ്മ നെടുവീര്‍പ്പിടുന്നു. ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഇന്ന് നടക്കുമ്പോള്‍ ഭക്ഷണത്തിനും മരുന്നിനും മാര്‍ഗമില്ലാതെ വലയുന്ന നിരവധി കുടുംബങ്ങളുണ്ട്. സര്‍ക്കാര്‍ ഇവരുടെ ദുരിതത്തിലും കാരുണ്യം ചൊരിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


 
  
 