വൈക്കം: വൈക്കം തോട്ടുവക്കത്ത് നിയന്ത്രണംവിട്ട കാർ കെവി കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ ദന്ത ഡോക്ടർക്കു ദാരുണാന്ത്യം. പലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം അനുഗ്രഹയിൽ ഷൺമുഖന്റെ മകൻ അമൽസൂരജ് (33) ആണ് മരിച്ചത്.
ഇന്നു രാവിലെ ആറോടെയാണ് കനാലിൽ മുങ്ങിയനിലയിൽ കാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സുമെത്തി അമലിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര ചെങ്ങമനാട് റാസ ആരോമ ഹോസ്പിറ്റലിൽ കോസ്മറ്റോളജി വിഭാഗം ഡോക്ടറായിരുന്നു.
എറണാകുളത്തുള്ള സുഹൃത്തിനെ സന്ദർശിക്കാനായി പോകുന്ന വഴിക്കായിരുന്നു അപകടം. രാത്രിയോ, ഇന്നു പുലർച്ചയ്ക്കോ അപകടം നടന്നതാകാമെന്നാണ് കരുന്നത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.
വെച്ചൂർ ഭാഗത്തുനിന്നാണു കാർ വന്നത്. റോഡരിൽ സൂക്ഷിച്ചിരുന്ന തടികളിൽ ഇടിച്ചശേഷം കാർ കനാലിൽ പതിച്ചെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോലീസ് മേൽ നടപടി സ്വീകരിച്ചു. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങൾക്കു മുമ്പാണ് കനാൽ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്.


 
  
 