കോട്ടയം: തൃശൂര്‍ കൂര്‍ക്കഞ്ചേരി കേന്ദ്രമായി 2018 പ്രവര്‍ത്തനം ആരംഭിച്ച മാനവ കെയര്‍ കേന്ദ്ര (എംസികെ) നിധി ലിമിറ്റഡ് സ്വകാര്യ പണമിടപാട് സ്ഥാപനം നിരവധി പേരില്‍നിന്നു സമാഹരിച്ച പണം തിരികെ നല്‍കാതെ ഉടമകള്‍ മുങ്ങിയതായി ആരോപണം.
തുടക്കത്തില്‍ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തു പണം സമാഹരിച്ചശേഷം പിന്നീട് 10 ശതമാനമായി കുറച്ചു. ഇതിനോടകം 500 കോടി രൂപ സമാഹരിച്ചതായും സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 75ലധികം ശാഖ തുടങ്ങിയതാണ് തട്ടിപ്പ് നടത്തിയതെന്നും പണം നഷ്ടപ്പട്ടവര്‍ ആരോപിച്ചു.
എംസികെ നിധി ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് മാനവ കെയര്‍ കേന്ദ്ര എന്ന പേരിലേക്ക് മാറ്റുകയും ചിട്ടികള്‍, സ്വര്‍ണപ്പണയം, മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ പേരുകളിലാണു പണസമാഹരണം നടത്തിയത്. സമാഹരിച്ച പണം നിക്ഷേപകരുടെ അനുമതിയില്ലാതെ നിധി ലിമിറ്റഡിന്റെ ഷെയര്‍ ആക്കി മാറ്റിയതായും പറയുന്നു.
പ്രശസ്തരോടൊപ്പമുള്ള ഫോട്ടോകള്‍ പണം സമാഹരണത്തിന് ദുരുപയോഗം ചെയ്തതായും പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.മാനേജിംഗ് ഡയറക്ടര്‍ ടി.ടി. ജോസ്, ഡയറക്ടര്‍മാരായ സുജീഷ്, ബാലചന്ദ്രന് വിശ്വനാഥന് തുടങ്ങിയവരാണു പണാപഹരണം നടത്തിയതെന്ന് ജിബു മാത്യു, പ്രഫ. ജോണി സ്കറിയ, വിന്‍സെന്റ് ചേര്‍ത്തല, രത്നാകരന് കൊടുങ്ങല്ലൂര്‍, ജോബിന് പാലാ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

