പരവൂർ: വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സംയുക്ത പരിശോധന നടത്താൻ ആർപിഎഫ് – റെയിൽവേ പോലീസ് തീരുമാനം.ഇതിന്റെ ഭാഗമായി അനധികൃത യാത്ര, ഫുട് ബോർഡ് യാത്ര, അതിക്രമിച്ച് കടക്കൽ എന്നിവ തടയുന്നതിന് തീവ്രമായ ഡ്രൈവുകൾക്ക് ഇരുവിഭാഗം സേനകളും കഴിഞ്ഞ ദിവസം മുതൽ തുടക്കമിട്ടു.
ഡിവിഷൻ പരിധിയിലെ ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർപിഎഫിന് അവരുടെ മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. കേവലം പരിശോധകളിൽ മാത്രം ഒതുങ്ങരുതെന്നും ഫലം അടിസ്ഥാനമാക്കിയുള്ള റെയ്ഡുകൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം.
ആർപിഎഫും ( റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും) ജിആർപിയും (ഗവ. റെയിൽവേ പോലീസ് ) ചേർന്ന് രാത്രികാല കോമ്പിംഗ് ഓപ്പറേഷനുകൾ തുടങ്ങിക്കഴിഞ്ഞു. പരിശോധനകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളെയും പ്രശ്നക്കാരെയും കുറിച്ച് ട്രെയിൻ ജീവനക്കാർക്കും ഇനി ജാഗ്രതാ നിർദേശം നൽകും.
മാത്രമല്ല ട്രെയിനുകളിലോ സ്റ്റേഷനുകളിലോ സംശയാസ്പദമായി എന്ത് കണ്ടാലും അടിയന്തരമായി ആർപിഎഫും ജിആർപിയും വിവരം കൊമേഴ്സ്യൽ കൺട്രോൾ റൂമുകളിൽ റിപ്പോർട്ടും ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സ്ത്രീ യാത്രക്കാർക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ച് സമർപ്പിത ” മേരി സഹേലി’ ടീമുകൾ ഡിവിഷന് കീഴിൽ പ്രവർതിക്കുന്നുണ്ട്.
നാഗർകോവിൽ, തിരുവനന്തപുരം സൗത്ത് (നേമം), തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ), എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ റെയിൽവ സ്റ്റേഷവകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങളും ഉറപ്പും ഇതര സഹായങ്ങളും നൽകുക എന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം.
ഇവർ 36,000 സ്ത്രീ യാത്രക്കാരുമായി സംവദിച്ചു. മാത്രമല്ല 2025 ൽ തിരുവനന്തപുരത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറി. ഇതുകൂടാതെ ഇതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 34 പേരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.
സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 601 പേരെ ആർപിഎഫ് സംഘം പിടികൂടി കേസെടുത്തു. ഇതുകൂടാതെ റെയിൽവേ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിന് 7193 പേരെയും പിടികൂടി പിഴ ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
ഈ വർഷം ഇതുവരെ യാത്രക്കാരുടെ സുരക്ഷക്കായി ആകെ 2945 ട്രെയിനുകളിൽ 8177 ആർപിഎഫ് ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചു. ഡിവിഷൻ പരിധിയിലെ 13 സ്റ്റേഷനുകളിൽ 24 മണിക്കൂറും സിസിടിവി കാമറകൾ നിരീക്ഷിക്കുന്നുണ്ട്. 494 കാമറകളിലെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രത്യേക ടീം തത്സമയം പരിശോധിക്കുന്നത്. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പൊതുവായ സുരക്ഷ ഉറപ്പാക്കുന്നത് ഡിവിഷനിൽ ഉടനീളം ശരാശരി 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 ജിആർപി ഉദ്യോഗസ്ഥരുമാണ് എല്ലാ ദിവസവും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത്.
യാത്രാ സുരക്ഷ സംബന്ധിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 425 ക്യാമ്പുകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിടേക്കം 315 കോച്ചുകളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ആർപിഎഫ് നിരീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ജനറൽ കോച്ചുകളുടെ വീഡിയോഗ്രാഫിയും കാമറകളിൽ പകർത്തുന്നുണ്ട്.
ഫുട് ബോർഡ് യാത്രക്കാരെ പിടികൂടി കർശന നടപടി സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തേ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ താക്കീത് ചെയ്യുക മാത്രമാണ് നടന്നു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ജനറൽ കോച്ചുകളിലും അംഗപരിമിതർക്കായുള്ള കോച്ചുകളിലും വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തും. യാത്രയ്ക്കിടയിൽ അസാധാരണമായ എന്ത് ശ്രദ്ധയിൽപ്പെട്ടാലും സഹയാത്രികരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായാലും റെയിൽ മദദ് ഹെൽപ്പ് ലൈൻ നമ്പരായ 139 വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡിവിഷണൽ ആർപിഎഫ് അധികൃതർ അറിയിച്ചു.

