പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്മേല്‍മറിച്ചു.
ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്. 61-ാം മിനിറ്റില്‍ അലെസ്കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയും.
പിഎസ്ജി 1-2 ബയേണ്‍
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന്‍ 10 പേരുമായാണ് ബയേണ്‍ പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം.
ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള്‍ (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില്‍ ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്‍പ്പ് ഭേദിച്ച് സമനിലയിലെത്താന്‍ പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്‍ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 3-0ന് സാവിയ പ്ലാഗിനെ തോല്‍പ്പിച്ചു. മികേല്‍ മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്‍റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്‍ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്‍പ്പിച്ചു. ജൂലിയന്‍ ആല്‍വരസ് (39’), കോനര്‍ ഗല്ലഗര്‍ (72’), മാര്‍ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില്‍ എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്‍ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്‍പ്പിച്ചു. യുവന്റസും സ്പോര്‍ട്ടിംഗും 1-1ന് സമനിലയില്‍ പിരിഞ്ഞു. നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ബയേണ്‍ മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

