തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) യോഗം ചേര്‍ന്നു. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
എസ്പിമാരായ ശശിധരന്, പി.ബിജോയി, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ സംഘം ഇന്നലെ ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുവെന്നും കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
വാസുവിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു.
വരുംദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നേരത്തെ വാസുവിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു.

