കൊൽക്കൊത്ത: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാറിന്റെ വാഹനവ്യൂഹത്തിനുനേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപിൽ ഇന്നലെ രാത്രിയാണു സംഭവം. നാദിയ ജില്ലയിലെ പാർട്ടി പരിപാടികളിൽ പങ്കെടുത്തു മടങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപി അനുയായികളും തമ്മിലുള്ള സംഘർഷത്തിനിടയിൽ മജുംദാറിന്റെ വാഹനവ്യൂഹം കുടുങ്ങുകയും തുടർന്ന് വാഹനത്തിനുനേരെ ആക്രമണമുണ്ടാകുകയുമായിരുന്നു. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പ്രകോപനവുമില്ലാതെയാണെന്നും മദ്യലഹരിയിലായിരുന്ന ചില തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നാണ് ആക്രമണം നടത്തിയതെന്നും മജുംദാർ ആരോപിച്ചു.
ഭരണകക്ഷിയുടെ പിന്തുണയുള്ള ഗുണ്ടകൾ നിരവധി ബിജെപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ നിഷേധിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ ഐഎൻടിടിയുസിയുടെ പ്രാദേശിക ഓഫീസ് ബിജെപി അനുയായികൾ ആക്രമിച്ചതിനെത്തുടർന്നാണ് നബദ്വീപിലെ പ്രധാന ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായതെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കളുടെ വാഹനവ്യൂഹങ്ങൾക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം, മാൾഡ ജില്ലയിലെ മാൽഡഹ (ഉത്തർ) നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി ലോക്സഭാ അംഗം ഖഗേൻ മുർമുവിന്റെ വാഹനം ജൽപായ്ഗുരി ജില്ലയിൽ വച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. ആ ആക്രമണത്തിൽ മുർമുവിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.

