കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രാക്കില്‍. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്.
8.41 ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മന്ത്രി പി.രാജീവ്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ആദ്യ യാത്രയില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് തുടങ്ങിയവരാണുള്ളത്. ട്രെയിന്‍ വൈകിട്ട് 5.50നു കെഎസ്ആര് സ്റ്റേഷനിലെത്തും. കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം, ബാംഗ്ലൂര്‍ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കെആര്‍ പുരം, കെഎസ്ആര് സ്റ്റേഷനുകളില്‍ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
എറണാകുളം സൗത്ത്-ബംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വീസ് 11ന് തുടങ്ങും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല.
638 കിലോമീറ്റര്‍ താണ്ടാന്‍ 8 മണിക്കൂര്‍ 40 മിനിറ്റ്
638 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടെത്തുന്ന വന്ദേഭാരതിന് ഒന്‍പത് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ഉത്സവസീസണുകളിലും സ്വകാര്യ ബസുകളില്‍ മൂന്നിരട്ടിവരെ അധിക നിരക്ക് ഈടാക്കുന്ന സമയത്ത് ഇതിന്റെ പകുതി പണം കൊടുത്ത് ഇനിമുതല്‍ വന്ദേഭാരതില്‍ യാത്ര ചെയ്യാനാകും.
കെഎസ്ആര് ബംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, അഞ്ച് ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്.

