കൊച്ചി: കാത്തിരിപ്പിനൊടുവില്‍ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലെത്തി. ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വാരണാസിയില്നിന്നാണു രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 11 മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും.
ഫ്ലാഗ് ഓഫിനു പിന്നാലെ നടന്ന ആദ്യയാത്രയില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ്, കെഎസ്ആര് ബംഗളൂരുവിലേക്കുള്ള പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് ആരംഭിക്കുന്ന സര്‍വീസ് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11 ഓടെ ബംഗളൂരുവിലെത്തും. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണു വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. എട്ടു മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ബംഗളൂരൂവില്‍ എത്തിച്ചേരാമെന്നതാണ് സര്‍വീസിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, സംസ്ഥാന മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹിമാന്, എംപിമാരായ ഹൈബി ഈഡന്, ഹാരിസ് ബീരാന്, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ആദ്യസര്‍വീസിന് തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.

