തിരുവനന്തപുരം: പ്രസവശേഷം അണുബാധയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്നും ഇത് മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് ശിവപ്രിയ മരണത്തിനു കീഴടങ്ങിയത്.
ആശുപത്രിയിലെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് അണുബാധയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. ഡിസ്ചാർജ് സമയത്ത് യുവതിക്ക് പ്രശ്നങ്ങളില്ലായിരുന്നുവെന്നും അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്നുമാണ് ആശുപത്രി അധികൃതർ നല്കിയ വിശദീകരണം.

