കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേ ബോംബ് നിർമാണ കേസിലെ പ്രതി.
‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വമെന്നും വർഗീയവാദികളെ പ്രതിരോധിക്കാൻ ഇറങ്ങിയപ്പോഴാണ് ഷെറിൽ കൊല്ലപ്പെട്ടതെന്നുമാണ് ബോംബ് നിർമാണ കേസിലെ ഒന്നാംപ്രതി വിനീഷിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം’. ‘ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു.
വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല.എഴുന്നേൽക്കാത്തത് മുട്ട് വിറച്ചിട്ടാണെന്നും സമ്മതിക്കാനുള്ള മടിയെന്നു അവനും നമ്മക്കും അറിയാം’…തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളാണ് ഫേസ്ബുക്കിലൂടെ നടത്തുന്നത്.
അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതു കൊണ്ടു തന്നെബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾ തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്.
അതേ നിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ്ബോം ബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്നും കെ.കെ.രാഗേഷ് പറഞ്ഞിരുന്നു.

