തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇതോടെ, സൗരാഷ്ട്രയ്ക്ക് നിലവിൽ 160 റൺസിന്റെ ലീഡുണ്ട്.
67 റൺസുമായി അർപ്പിത് വാസവദയും 103 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ. ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.
നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് ജെയ് ഗോഹിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എം.ഡി. നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എൻ.പി. ബേസിലിന് വിക്കറ്റ് നല്കി ഗജ്ജാര്‍ സമ്മാറും മടങ്ങിയതോടെ സൗരാഷ്ട്ര മൂന്നിന് 69 റൺസെന്ന നിലയിലെത്തി.
പിന്നീട് ക്രീസിൽ ഒന്നിച്ച അർപ്പിത് വാസവദയും ചിരാഗ് ജാനിയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് നിലവിൽ 159 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് രണ്ടും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.

