വാഷിംഗ്ടൺ ഡിസി: വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിലൂടെ സർക്കാരിനു ലഭിച്ച വരുമാനത്തിൽനിന്ന് 2000 ഡോളർവച്ച് യോഗ്യതയുള്ള ഓരോ അമേരിക്കക്കാരനും ലാഭവിഹിതം നല്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം.
നികുതിയിളവുകൾ പോലുള്ള ആനുകൂല്യങ്ങളായിട്ടായിരിക്കും ജനങ്ങൾക്കു തുക ലഭിക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പിന്നീട് സൂചിപ്പിച്ചു.
ചുങ്കത്തെ എതിർക്കുന്നവർ വിഡ്ഢികളാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പരിഹസിച്ചു. തന്റെ വാണിജ്യനയങ്ങൾ മൂലം ലക്ഷം കോടി കണക്കിനു ഡോളറാണ് അമേരിക്കയ്ക്കു ലഭിക്കുന്നത്.
അമേരിക്കയുടെ 37 ലക്ഷം കോടി ഡോളർ വരുന്ന പൊതുകടം വീട്ടാൻ ഇതു സഹായിക്കും. ചുങ്കങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അമേരിക്ക മൂന്നാംലോക രാജ്യമായി മാറിയേനെ. ഉയർന്ന വരുമാനക്കാർ ഒഴികെയുള്ള എല്ലാ അമേരിക്കക്കാർക്കും 2000 ഡോളർ വച്ച് ഡിവിഡന്റ് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

