പത്തനംതിട്ട: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 2.31 കോടി രൂപ കബളിപ്പിച്ച അമ്പലപ്പുഴ സ്വദേശി അറസ്റ്റില്‍. ആലപ്പുഴ ജില്ലയില്‍ കൊമ്മാടി വിജയസദനത്തില്‍ വിനോദ്കുമാർ(50) ആണ് അറസ്റ്റിലായത്.
ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട കോഴഞ്ചേരി സ്വദേശിയായ യുവാവിനെ നാലുവര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു കബളിപ്പിച്ച് ഇയാള്‍ 2.31 കോടി രൂപ കൈക്കലാക്കിയെന്നാണ് പരാതി.
ഇതു സംബന്ധിച്ച് ആറന്മുള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് കണ്ണൂര്‍ ചെറുന്നൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിനോദ് കുമാർ അറസ്റ്റിലാകുന്നത്.
ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി അനീഷിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ആർ.അരുണ്‍ കുമാര്‍, എഎസ്ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോബി ഐസക് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ മുന്‍പ് അറസ്റ്റില്‍ ആയിട്ടുണ്ട്.ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പ് നടത്തിയ പണം ഉപയാഗിച്ചിരുന്നത്.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെയും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി അറിവ് ലഭിച്ചിട്ടുണ്ട്. വിനോദ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു.

