പരവൂർ: ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ യാത്രക്കാരനെ വിളിച്ചുണർത്താൻ സംവിധാനവുമായി റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ വിവിധ കാറ്റഗറികളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം.നേരത്തേ തന്നെ പ്രാബല്യത്തിലുള്ള ഈ സംവിധാനം അധികം ആർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം.
പുലർച്ചെ മൂന്നിന് നിങ്ങൾക്ക് നിർദിഷ്ട സ്റ്റേഷനിൽ എത്തണം. വണ്ടി കൃത്യസമയത്ത് എത്തുമോ? ഉറങ്ങിപ്പോയാൽ സ്റ്റേഷൻ മിസ് ആകുമാ? ഇത്തരം ആശങ്കകൾ ഒന്നും ഇനി യാത്രക്കാർക്ക് വേണ്ട. റെയിൽവ തന്നെ നിങ്ങളെ ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാകും മുമ്പ് കൃത്യമായി വിളിച്ചുണർത്തും.
രാത്രി യാത്രക്കാരിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ ആണ് കണ്ണ് തുറക്കുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും എന്നത്. ഇതിന് പരിഹാരമായി ഇന്ത്യൻ റെയിൽവേയുടെ ഹെൽപ്പ് ലൈൻ ടോൾഫ്രീ നമ്പരായ 139 ൽ ഒരു “ഡെസ്റ്റിനേഷൻ അലർട്ട്’ എന്ന സംവിധാനമുണ്ട്. യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് അവരുടെ ഫോണിലേക്ക് ഒരു ഓട്ടോമേറ്റഡ് വേക്കപ്പ് കോൾ വരുന്ന സംവിധാനമാണിത്.
ഇത് യാത്രക്കാരന് നിഷ്പ്രയാസം ആക്ടിവേറ്റ് ചെയ്യാം. ആദ്യം 139 എന്ന നമ്പരിലേക്ക് വിളിക്കുക. തുടർന്ന് മെനുവിൽ നിന്ന് ഡെസ്റ്റിനേഷൻ അലർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക. സാധാരണയായി ഏഴ് ആണ് ഡെസ്റ്റിനേഷൻ ഓപ്ഷൻ നമ്പർ.തുടർന്ന് നിങ്ങളുടെ യാത്രാ ടിക്കറ്റിന്റെ പത്ത് അക്ക നമ്പർ നൽകി സ്ഥിരീകരിച്ചാൽ മാത്രം മതി. ഇത് കൂടാതെ എസ്എംഎസ് വഴി അലർട്ട് <പിഎൻആർ നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 139 ലേക്ക് സന്ദേശം അയച്ചും ഈ സേവനം ആക്ടിവേറ്റ് ആക്കാം.
ഈ രണ്ട് രീതികളിൽ ഏതെങ്കിലും ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളൾക്ക് ഇറണ്ടേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് ഫോണിലേക്ക് ഓട്ടോമേറ്റഡ് കോൾ വരും. നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറായി എന്നതാണ് അതിലെ ശബ്ദ സന്ദേശം. അതോടെ ഇറങ്ങേണ്ടതിനുള്ള തയാറാടുപ്പുകൾ യാത്രക്കാരന് സാവകാശവും ലഭിക്കും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും പുലർച്ചെ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങേണ്ടവർക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിറ്റിസി) അധികൃതർ വ്യക്തമാക്കി.
എസ്.ആർ. സുധീർ കുമാർ

