പരവൂർ ( കൊല്ലം): കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് എട്ടിന് രാവിലെ 8.15ന് വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.ബന്ധപ്പെട്ട് അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന സമ്മേളനം നടക്കും. രാവിലെ 7.20ന് ആരംഭിക്കുന്ന സമ്മേളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. സർവിസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഈ റൂട്ടിൽ അനുവദിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് മൂന്ന് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും.
കേരളത്തിന് ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ട്രെയിനാണിത്. അതേ സമയം തിരുവനന്തപുരം ഡിവിഷന് കീഴിലെ നാലാം വന്ദേഭാരതാണെന്ന പ്രത്യേകതയുണ്ട്. കൂടാതെ കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടാം വന്ദേഭാരതും എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ആദ്യ വന്ദേഭാരതുമാണ് ഈ ട്രെയിൻ. ബംഗളൂരു മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ 11 മണിക്കൂറോളം നീളുന്ന യാത്രാസമയം ഏകദേശം 8.40 മണിക്കൂറായി ചുരുങ്ങും.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്ന് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്കയാത്രയിൽ ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും.
എറണാകുളം-ബംഗളൂരു റൂട്ടിൽ കേരളത്തിലെ രണ്ട് സ്റ്റോപ്പുകൾ ഉൾപ്പെടെ ഏഴ് സ്റ്റോപ്പുകളാണ് ഈ ട്രെയിന് ഉള്ളത്. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ പുരം) എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയായിരിക്കും വന്ദേഭാരത് കടന്നുപോവുക.

