കൊച്ചി/അരൂര്‍: ദേശീയപാതയില്‍ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ വീണ് പിക്ക്അപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് (47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.ദേശീയപാത 66 ല്‍ ചമ്മനാട് കണ്ണുകുളങ്ങര ഭാഗത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഗര്‍ഡറുകള്‍ നിലം പതിച്ചത്.
50 മീറ്റര്‍ നീളമുള്ള 80 ടണ്‍ ഭാരമുള്ള രണ്ട് കൂറ്റന്‍ ഗര്‍ഡറുകളാണ് സാങ്കേതിക പിഴവുമൂലം നിലം പൊത്തിയത്. ക്രെയിന്‍ ഉപയോഗിച്ച് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിക്ക് അപ്പ് വാനിന്റെ വലത് വശം മുഴുവനായി ഭീമിന്റെ അടിയില്‍പ്പെട്ട് തകര്‍ന്നു. എറണാകുളം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ലോഡുമായി പോകുയായിരുന്നു വാന്‍.
വിവരമറിഞ്ഞ് അരൂര്‍, കുത്തിയതോട് പോലീസും ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുക്കാനായത്. തമിഴ്നാട്ടില്‍ നിന്നു മുട്ട കയറ്റി വരികയായിരുന്നു പിക്കപ്പ് വാന്‍. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കരാര്‍ കമ്പനിയായ അശോക ബില്‍ഡ്കോണ്‍ കമ്പനിയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് ജാക്കിയില്‍ ഉണ്ടായ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിര്‍ദേശം നല്കിയിരുന്നുവെ ന്നും കളക്ടര്‍ അറിയിച്ചു.
എങ്കിലും, ഇത്രയും വലിയ ജോലി നടക്കുമ്പോള്‍ പൂര്‍ണമായും ഗതാഗതം തടയാന്‍ കഴിയില്ലെന്നും, നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ അലക്സ് വര്‍ഗീസ് വ്യക്തമാക്കി.
ഗതാഗത നിയന്ത്രണം
അപകടത്തെ തുടര്‍ന്ന് ദേശീയ പാത 66 ല്‍ പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടി സിയുടെ ദീർഘദൂര സര്‍വീസ് ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെട്ടു. എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി, ചേര്‍ത്തല വഴിയും ആലപ്പുഴ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ തുറവൂര്‍, ചാവടി, എഴുപുന്ന, കുമ്പളങ്ങി വഴിയുമാണു തിരിച്ചുവിടുന്നത്. വീതി കുറഞ്ഞ തീരദേശ റോഡുകള്‍ ആയതിനാല്‍ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കാണ്.
നാട്ടുകാരുടെ പ്രതിഷേധം
അപകടത്തെക്കുറിച്ച് അശോക ബില്‍ഡ് കോണ്‍ കണ്‍സ്ട്രക്ഷന്‍ കോഓര്‍ഡിനേറ്റര്‍ നല്കിയ വിശദീകരണം നാട്ടുകാര്‍ തള്ളി. അപകടത്തിനു കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രതിനിധി പറഞ്ഞു. സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്.
എന്നാല്‍, സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കമ്പനി പ്രതിനിധി ഗതാഗതം നിയന്ത്രിച്ചിരുന്നു എന്ന് പറഞ്ഞതോടെ നാട്ടുകാര്‍ ബഹളം വയ്ക്കുകയും വേണുഗോപാലിനെതിരേ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
മന്ത്രി റിപ്പോര്‍ട്ട് തേടി
ഗര്‍ഡര്‍ വീണ് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അരൂര്‍ എംഎല്‍എ ദലീമയും പറഞ്ഞു.

