തൊടുപുഴ: ബന്ധു വീട്ടിലെ ചടങ്ങിനെത്തിയ ബാലികയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് എട്ട് വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
മൂവാറ്റുപുഴ ആയവന കണ്ണങ്കര സജി കെ. ജോണിനെയാണ് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പത്ത് മാസം കഠിന തടവുകൂടി അനുഭവിക്കണം.
ലൈംഗികാതിക്രമം, സ്തീത്വത്തെ അപമാനിക്കൽ, ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. ഒൻപത് വയസുകാരിയെ ലൈഗിംകമായി ആക്രമിച്ചതിന് ശാസ്ത്രിയ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി വിധി.
കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വ്യാജ കേസാണിതെന്ന പ്രതി ഭാഗം വാദം കോടതി തള്ളി. പെണ്കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

