കൊച്ചി: സ്റ്റഡി ടൂര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന ടൂര്‍ ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.ബാംഗളൂരു- ഗോവ സ്റ്റഡി ടൂര്‍ റദ്ദായതിനെത്തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥിയായ ഹെലോയിസ് മാനുവല്‍ എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന ബിഎം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരേ നല്കിയ പരാതിയിലാണ് ടൂര്‍ ഓപ്പറേറ്റര്‍ 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
ബിഎസ്സി (ഫിസിക്സ്) വിദ്യാര്‍ഥിയായ പരാതിക്കാരനും 37 സഹപാഠികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂര്‍ പോകാന്‍ ടൂര്‍ ഓപ്പറേറ്ററായ എതിര് കക്ഷിയെ സമീപിച്ചു. 41 പേര്‍ക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000 രൂപയായിരുന്നു. അധ്യാപകര്‍ക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം പരാതിക്കാരന് 1,00,000 രൂപ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാന്‍സായി കൈമാറി.
എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയും ബദല്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ടൂര്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തു. അഡ്വാന്‍സ് തുക 2023 ജൂണ്‍ മാസത്തില്‍ തിരികെ നല്‍കാമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്.
വിദ്യാര്‍ഥിയില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 25,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്കി.

