കോട്ടയം: ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു ധാരണയായി. എല്‍ഡിഎഫില്‍ ധാരണയായ സീറ്റുകളില്‍ സ്ഥാനാര്‍ഥിളെ പ്രഖ്യാപിച്ചു തുടങ്ങി. യുഡിഎഫില്‍ സീറ്റുകളുടെ എണ്ണത്തില്‍ മാത്രമാണു ധാരണയായത്. എന്‍ഡിഎയും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് വച്ചുമാറുന്നതും മുസ്ലിം ലീഗിനു അനുവദിച്ച ഒരു സീറ്റ് ഏതാണ് നല്‍കേണ്ടതെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ തലനാട് ഒഴികെ പ്രചാരണത്തിനു തയാറായി കഴിഞ്ഞു. തലനാട് സീറ്റ് വേണമെന്നും വെള്ളൂര്‍ വിട്ടുതരാമെന്നുള്ള കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കം. ലീഗിന് ഒരു സീറ്റ് അനുവദിച്ചെങ്കിലും ഏതു ഡിവിഷനാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്നാണ് ലീഗ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ രണ്ടു സീറ്റുകളും തരാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.മുണ്ടക്കയം സീറ്റു വാങ്ങി ലീഗ് സംസ്ഥാന നേതാവും യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ അസീസ് ബഡായിയെ മത്സരിപ്പാക്കാനായിരുന്നു ലീഗിന്റെ നീക്കം. എന്നാല്‍ മുണ്ടക്കയം സീറ്റിനു വേണ്ടി ഒരു സമുദായ നേതാവ് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് സീറ്റില്‍ തര്‍ക്കമായത്. സമുദായത്തിന്റെ സംസ്ഥാന നേതാവ് ഈ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഡിസിസി പ്രസിഡന്റിനെ നേരിട്ടു വിളിച്ചു. ഇതോടെ ഒരു കാരണവശാലും സീറ്റു വിട്ടു തരില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് കടന്നു.
എരുമേലി സീറ്റും ഒരു വനിതാ നേതാവിനു വേണ്ടി കോണ്‍ഗ്സ് ഉറപ്പിച്ചതാണ്. ഇതും കിട്ടില്ലെന്ന് അറിഞ്ഞതോടെ തലനാട്, കങ്ങഴ സീറ്റുകളാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതു രണ്ടും ജോസഫ് ഗ്രൂപ്പ് സീറ്റുകളാണ്. ജോസഫ് ഗ്രൂപ്പ് ഇതു വിട്ടുനല്‍കില്ല. തലയാഴം, പൂഞ്ഞാര്‍ സീറ്റിലൊന്ന് ലീഗിനു നല്‍കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
സീറ്റു വിഭജനം പൂര്ത്തായാകത്തതിനാല് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം അനന്തമായി നീളുകയാണ്. പല ഡിവിഷനുകളിലേക്കും ഒന്നിലേറെ പേരുകള്‍ ഉയരുന്നതും വിജയസാധ്യതയുള്ള ചിലര്‍ പിന്മാറിയതും ചര്‍ച്ചകള്‍ നീളാന്‍ കാരണമാകുന്നു.സിപിഎമ്മില്‍ കുറിച്ചി, കുമരകം, തലയാഴം, വെള്ളൂര്‍ എന്നിവയിലാണ് അന്തിമ തീരുമാനമാകാത്തത്. ഭരണങ്ങാനത്ത് പെണ്ണമ്മ ജോസഫ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ കേരള കോണ്‍ഗ്രസ് -എമ്മില്‍ കാഞ്ഞിരപ്പള്ളി ഒഴികെയുള്ള ഡിവിഷനുകളില്‍ സീറ്റുകളില്‍ ധാരണയായി.
സിപിഐയില്‍ എരുമേലി, വാകത്താനം സീറ്റുകളിലാണ് തീരുമാനത്തില്‍ എത്താനുള്ളത്. എന്‍ഡിഎയിലും തീരുമാനം വൈകുകയാണ്. ബിഡിജഐസ് ബന്ധത്തിലെ ആശയക്കുഴപ്പമാണ് പ്രധാന തടസം. പലയിടങ്ങളിലും തനിയെ മത്സരിക്കുമെന്ന ബിഡിജഐസ് പ്രഖ്യാപനം ചര്‍ച്ചകള്‍ വൈകാന്‍ കാരണമാകുന്നു.

