കോട്ടയം: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ അറസ്റ്റിലായ പനച്ചമൂട് സ്വദേശി സുരേഷ്കുമാറിനെ കോട്ടയത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പ്രതി കേരള എക്സ്പ്രസിൽ കയറിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്.
പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ രണ്ടിന് രാത്രിയിൽ വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ യുവതിയെ തള്ളിയിടുകയായിരുന്നു.

