റിജേക്ക (ക്രൊയേഷ്യ): ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത ക്രൊയേഷ്യക്കും. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എല്ലില്‍ ഫറോ ഐലന്‍ഡ്സിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയതോടെയാണ് ക്രൊയേഷ്യ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. 16-ാം മിനിറ്റില്‍ പിന്നിലായശേഷമായിരുന്നു ക്രൊയേഷ്യയുടെ തിരിച്ചുവരവ് ജയം.
ജോസ്കോ ഗ്വാര്‍ഡിയോള്‍ (23), പീറ്റര്‍ മൂസ (57), നിക്കോള വ്ളാസിക് (70) എന്നിവരാണ് ക്രൊയേഷ്യക്കായി ഗോള്‍ നേടിയത്. യൂറോപ്പില്‍നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകളും ഇതിനോടകം യോഗ്യത സ്വന്തമാക്കി.
ജര്‍മനി, ഹോളണ്ട്
ഗ്രൂപ്പ് എയില്‍ ജര്‍മനി 2-0ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ച് യോഗ്യതയുടെ വക്കിലെത്തി. അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റാണ് ജര്‍മനിക്ക്. സ്ലോവാക്യക്കും ഇത്രയും പോയിന്റുണ്ട്. ഇരുടീമും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ജര്‍മനിക്ക് സമനില നേടിയാലും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാം.
ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്സും പോളണ്ടും 1-1 സമനിലയില്‍ പിരിഞ്ഞു. 17 പോയിന്റുമായി നെതര്‍ലന്‍ഡ്സാണ് ഗ്രൂപ്പില്‍ ഒന്നാമത്. 14 പോയിന്റുമായി പോളണ്ട് രണ്ടാമതുണ്ട്.

