അമ്പലപ്പുഴ: അശാസ്ത്രീയരീതിയിലുള്ള പാലം നിര്‍മാണം മൂലം വീടുകള്‍ വെള്ളക്കെട്ടിലായെന്ന് പരാതി. നാട്ടുകാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ പാലം നിര്‍മാണമാണ് നാട്ടുകാര്‍ തടഞ്ഞത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയ് ക്കു സമീപം ഇവിടെയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയിരുന്നു. അപകടാവസ്ഥയിലായിരുന്ന പാലം ഒരാഴ്ച മുന്‍പാണ് പൊളിച്ചുമാറ്റിയത്. ഇതിനുശേഷം ദേശീയപാതാ വികസന അഥോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മാണവും ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മുട്ട് സ്ഥാപിച്ചതോടെയാണ് കാക്കാഴം കാപ്പിത്തോട്ടിലെ മലിന ജലം കാക്കാഴം കമ്പിവളപ്പ് പ്രദേശത്തെ വീടുകളില്‍ കയറിയത്. നിലവില്‍ പുതിയ പാലം നിര്‍മാണത്തിനായി ബെല്‍റ്റ് വാര്‍ക്കുന്നതിനായാണ് മുട്ട് സ്ഥാപിച്ചത്.
ഈ രീതിയില്‍ പാലം നിര്‍മിച്ചാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പാലം നിര്‍മാണത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷമായതോടെ അമ്പലപ്പുഴ പോലീസും എത്തി. ഇതിനുശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കരാര്‍ കമ്പനി നിര്‍ത്തിവച്ചു. ഇപ്പോഴുള്ള ഈ നിര്‍മാണം അവസാനിപ്പിച്ച് പാലം പില്ലറില്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ ഇത്രയും ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പാലം നിര്മാണത്തിനുമേല്നോട്ടം വഹിക്കാന്‍ ദേശീയപാതാ വികസന അഥോറിറ്റിയുടെ ഒരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നില്ല. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന പല സ്ഥലത്തും ഉദ്യോഗസ്ഥ സാന്നിധ്യമില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

