കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

