ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ഓഫീസിലും സർവകലാശാലയുമായി ബന്ധമുള്ള 25 സ്ഥാപനങ്ങളിലും റെയ്ഡ്.ഹരിയാന ആസ്ഥാനമായുള്ള സർവകലാശാലയുടെ സാന്പത്തികസ്രോതസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഇന്നു രാവിലെയാണ് റെയ്ഡ് നടത്തിയത്.
ഫരീദാബാദിൽ 70 ഏക്കർ വിസ്തൃതിയുള്ള വിശാലമായ കാമ്പസുള്ള സർവകലാശാലയുടെ ഓഖ്ല ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഡൽഹി സ്ഫോടനക്കേസിൽ, ചാവേറായി പൊട്ടിത്തെറിച്ച ഡോ. ഉമർ നബിയും പിടിയിലായ മറ്റു ഡോക്ടർമാരും അൽ ഫലാഹിലെ ജീവനക്കാരായതുകൊണ്ട് സർവകലാശാല അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
സർവകലാശാലയുടെ സാന്പത്തികസ്രോതസ് അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. സർവകലാശാലയുടെ അക്കൗണ്ടുകളുടെ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിനും അവകാശവാദങ്ങൾ ഉന്നയിച്ചതിനുമെതിരേ സർവകലാശാലയ്ക്കെതിരേ രണ്ടു കേസുകൾ നിലവിലുണ്ട്. നേരത്തെ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അൽ ഫലാഹിന്റെ അംഗത്വം റദ്ദാക്കിയിരുന്നു.
1995ൽ രൂപീകൃതമായ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ 2014ൽ ആണ് അൽ ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. ഫരീദാബാദിൽനിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെത്തുടർന്നാണ് സർവകലാശാല ശ്രദ്ധാകേന്ദ്രമായത്. അൽ ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ഡോക്ടർ മുസമ്മിൽ ക്യാമ്പസിന് പുറത്ത് വാടകയ്ക്കെടുത്ത മുറികളിൽനിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികൾ കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളജിലെ മറ്റൊരു ഡോക്ടറെയും പിടികൂടിയിരുന്നു. ജെയ്ഷ് ഇ മുഹമ്മദ് വനിതാഘടകത്തിലെ അംഗമായ ഡോ. ഷഹീനാണ് പിടിയിലായത്. അവരുടെ കാറിൽനിന്ന് അസോൾട്ട് റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇവർ പിടിയിലായതിനു മണിക്കൂറുകൾക്കുശേഷമാണ് ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടന്നത്.

