തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ബിജു കാരക്കോണം നടത്തുന്ന ‘പ്രകൃതി തന്നെ ലഹരി’ എന്ന ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു.
ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാപീഠത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തൊണ്ണൂറ്റി ഒന്നാമത് ഫോട്ടോഗ്രാഫി പ്രദർശനം, ലഹരിക്കെതിരായ പോരാട്ടത്തിൽ പ്രകൃതിയുടെ അദ്ഭുതലോകത്തേക്ക് യുവതലമുറയെ ക്ഷണിക്കുകയാണ്.
ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മെമ്പർ അഡ്വ.മേരി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്കു നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി.
ചടങ്ങിൽ ചാമുണ്ഡി ദേവി ടെംപിൾ ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ, കരിക്കകം അമ്പലത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീ ചാമുണ്ഡി വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാജ് മോഹൻ, കരിക്കകം ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, ട്രഷറർ ഗോപകുമാരൻ നായർ, എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ ഡോ.ഹരീന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
കരിക്കകം ചാമുണ്ഡി ടെമ്പിൾ ട്രസ്റ്റ് അംഗങ്ങളായ ശ്രീകണ്ഠൻ നായർ, വിക്രമൻ നായർ, രാജേന്ദ്രൻ നായർ, സുകുമാരൻ നായർ, വിജയകുമാർ, ഭാർഗവാൻ നായർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

