ആലപ്പുഴ: വയനാട്ടിൽ സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കം വീട്ടിൽ കെ. അഷ്കർ ആണ് പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്. യുവതി കുഞ്ഞിനെയും എടുത്ത് സിപ് ലൈനിൽ കയറുന്നതിനിടെ റോപ് പൊട്ടി താഴേക്ക് പതിക്കുന്ന തരത്തിലുള്ള ഭീതി പടർത്തുന്ന വീഡിയോ ആണ് അഷ്കർ നിർമിച്ച് പ്രചരിപ്പിച്ചത്.
സംഭവം വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇയാൾ പ്രചരിപ്പിച്ചു. വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോയിൽ സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ‘അഷ്ക്കറലി റിയാക്ടസ്’ എന്ന അക്കൗണ്ടിലൂടെയാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്

